Monday, June 13, 2011

പരിസ്ഥിതി ദിനം ആചരിച്ചു


പുതിയ തലമുറ പരിസ്ഥിതിയുടെ സംരക്ഷകരാകണം - ആര്‍. രാജേഷ് എം. എല്‍. .
പരിസ്ഥിതി ദിനാചരണം ഫലവൃക്ഷത്തൈനട്ടുകൊണ്ട് ആര്‍. രാജേഷ് എം. എല്‍. എ ഉദ്ഘാടനം ചെയ്യുന്നു.
 കേരള ശാസ്ത്രസാഹിത്യ പരിഷത് ചാരുമൂട് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പരിസരദിനം വിപുലമായി ആചരിച്ചു. നൂറനാട് പടനിലം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ രാവിലെ ചേര്‍ന്ന യോഗം മാവേലിക്കര എം.എല്‍.. ആര്‍. രാജേഷ് ഉത്ഘാടനം ചെയ്തു. പുതിയ തലമുറ പരിസ്ഥിതിയുടെ സംരക്ഷകരാകണമെന്ന് സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ആലപ്പുഴ ജില്ലയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ വേനല്‍ക്കാലങ്ങളില്‍ അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമത്തിന് കാരണം വന്‍തോതിലുള്ള കുന്നിടിക്കലും വയല്‍ നികത്തലുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹം ഇതിനെതിരെ ഒറ്റക്കെട്ടായി, ശക്തമായി പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പരിസര ദിനാചരണത്തിന്റെ ഭാഗമായി നടന്ന ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് എം.എല്‍.എ സമ്മനങ്ങള്‍ വിതരണം ചെയ്തു. വനവര്‍ഷാചരത്തിന്റെ ഭാഗമായി മേഖലയില്‍ പരിഷത് നടത്തുന്ന വൃക്ഷവല്‍ക്കരണത്തിന്റെ ഭാഗമായി മാവിന്‍ തൈ നടലും അദ്ദേഹം നിര്‍വ്വഹിച്ചു. നൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശോഭരാജു, പരിഷത് ജില്ലാ സെക്രട്ടറി എന്‍.സാനു എന്നിവര്‍ സംസരിച്ചു. വി.കെ കൈലാസ് നാഥ് അദ്ധ്യക്ഷനായ സമ്മേളനത്തിന് പരിഷത് മേഖലാ സെക്രട്ടറി പി.കെ രാജന്‍ സ്വാഗതം പറഞ്ഞു.
പരിസര ക്വിസ്സില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അക്ഷയ് മോഹന്‍, കൃഷ്ണകുമാര്‍ (പടനിലം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ആര്‍. വിശാല്‍ (പോപ്പ് പയസ് ടെന്‍ത് ഹൈസ്‌കൂള്‍, കറ്റാനം) എന്നിവരും യു.പി വിഭാഗത്തില്‍ ശ്രീക്കുട്ടന്‍, ഗോകുല്‍, അഖില്‍ എം. പിള്ള (പടനിലം ഹയര്‍സെക്കണ്ടറി സ്‌കൂള്‍) എന്നിവരും വിജയികളായി സമ്മേളന പരിപാടികള്‍ക്ക് ശേഷം പരിസ്ഥിതി റാലി നടന്നു. മേഖലാ പ്രസിഡന്റ് പത്മാധരന്‍ നായര്‍, ട്രഷറര്‍ എം. ഷംസുദ്ദീന്‍കുഞ്ഞ്, വി.ഉണ്ണികൃഷ്ണന്‍, എം.ബാലകൃഷ്ണന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Wednesday, February 9, 2011

ജില്ലാ വാര്‍ഷികം ഫെബ്രു. 12,13 മാവേലിക്കരയില്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ വാര്‍ഷികം 2011 ഫെബ്രുവരി 12, 13 തീയതികളില്‍ മാവേലിക്കര ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ വച്ച് നടക്കും. രാവിലെ 9 ന് പ്രശസ്ത എഴുത്തുകാരിയും ഗവേഷകയുമായ ജെ. ദേവിക സമ്മേളനം ഉദ്ഘാടനം ചെയ്യും.

Saturday, February 5, 2011

മനസ്സുകളെ കീഴടക്കി 'പെണ്‍പിറവി' നാടകയാത്ര




'പെണ്‍പിറവി' ഫെബ്രുവരി 1-നു് പടനിലത്ത് അവതരിപ്പിച്ചു
അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ശതാബ്ദിആഘോഷത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന നാടകയാത്ര 'പെണ്‍പിറവി' 2010 ഫെബ്രുവരി 1-ന് പടനിലത്ത് എത്തിച്ചേര്‍ന്നു. ജനുവരി 15 ന് എത്തിച്ചേരേണ്ട നാടകയാത്ര ശബരിമല ദുരന്ത ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി 1-ലേയ്ക്ക് മാറ്റുകയായിരുന്നു. വൈകിട്ട് 6 ന് പടനിലം ക്ഷേത്രമൈതാനത്തെ തുറന്ന വേദിയില്‍ നാടകം അവതരിപ്പിച്ചു.
'സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് പോരാടുക' എന്ന സന്ദേശം ഉയര്‍ത്തിയാണ്, ജനുവരി 7 ന് ആരംഭിച്ച നാടകയാത്ര സംസ്ഥാനത്തൊട്ടാകെ പര്യടനം നടത്തിയത്. സ്ത്രീസമൂഹത്തിനുമേല്‍ നൂറ്റാണ്ടുകളായി അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്ന അടിമത്തബോധത്തിനെതിരെ ഉയരുന്ന ശക്തമായ ചാട്ടുളിയായി മാറുകയായിരുന്നു പെണ്‍പിറവി നാടകം. ഒരു പെണ്‍ശിശുവിന്റെ ആശങ്കകളും ആവലാതികളും അമ്മയോട് ഗര്‍ഭാവസ്ഥയില്‍ പങ്കുവച്ചുകൊണ്ട് വളരുന്ന നാടകം വ്യത്യസ്തമായ പ്രമേയം കൊണ്ടും അവതരണ ശൈലികൊണ്ടും കേരളത്തില്‍ ചര്‍ച്ചയായിത്തീര്‍ന്നു
വനിതകളുടെ നേതൃത്വത്തിലാണ് നാടകം അവതരിപ്പിക്കപ്പെടുന്നത്. 10 കലാകാരികളും 5 കലാകാരന്മാരും അങ്ങുന്നതായിരുന്നു നാടക സംഘം. ആലപ്പുഴ കുട്ടനാട് സ്വദേശിയായ ആന്‍സി ദേവസ്യയായിരുന്നു ജാഥാ ക്യാപ്ടന്‍.
ആന്‍സി, ക്യാപ്ടന്‍
കെ. പി. ശ്രീജ, സജിത മഠത്തില്‍, എന്‍. വേണുഗോപാല്‍ എന്നിവരാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. എം. എം. സചീന്ദ്രന്റെ ഗാനങ്ങള്‍ക്ക് കോട്ടക്കല്‍ മുരളി ഈണം നല്‍കിയിരിക്കുന്നു. സാംകുട്ടി പട്ടംകരിയാണ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
നാടകയാത്രയെ സ്വീകരിക്കാന്‍ നൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാരാജു ചെയര്‍പേഴ്സനും വി. ഉണ്ണികൃഷ്ണന്‍ ജനറല്‍ കണ്‍വീനറുമായ സംഘാടകസമിതി രൂപീകരിച്ച് പ്രവര്‍ത്തിച്ചു. പരിഷത്ത് പ്രവര്‍ത്തകരും പൊതുജനങ്ങളും വിദ്യാര്‍ത്ഥികളുമടങ്ങിയ വന്‍ ജനാവലിയാണ് നാടകത്തെ വരവേല്‍ക്കാന്‍ എത്തിച്ചേര്‍ന്നത്. ഹൃദയത്തില്‍ പതിഞ്ഞ അവതരണം എന്നാണ് നാടകത്തെപറ്റി ആസ്വാദകര്‍ അഭിപ്രായപ്പെട്ടത്
 
നൂറനാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുസ്തക പ്രചാരണത്തിലൂടെയാണ് സാമ്പത്തികം കണ്ടെത്തിയത്. യൂണിറ്റ് സെക്രട്ടറി ബായി കൃഷ്ണന്‍, പ്രസിഡന്റ് അനിതാമണി, ഭാരവാഹികളായ രാഖി, മഞ്ജുഷ, അഖിലേഷ്, ഗിരീഷ്റാവു, മേഖല, ജില്ലാ ഭാരവാഹിതള്‍ എന്നിവര്‍ സംഘാടനത്തിന് നേതൃത്വം നല്‍കി.

Monday, December 20, 2010

ഉത്സവമായി മാറിയ മേഖലാവിജ്ഞാനോത്സവം

പ്രോജക്ട് പ്രദര്‍ശനം
       2010 ഡിസംബര്‍ 18, 19 തീയതികളിലായി പടനിലം ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് നടന്ന മേഖലാതല വിജ്ഞാനോത്സവം സമാപിച്ചു. മേഖലയിലെ 6 പഞ്ചായത്തുകളില്‍ നിന്നായി 112 കുട്ടികള്‍ പങ്കെടുത്തു. (യു. പി. 62, ഹൈസ്കൂള്‍ 49)
    18 ന് രാവിലെ പടനിലം ഹയര്‍സെക്കന്‍ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി ശാന്തമ്മ വിജ്ഞാനോത്സവ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന മഞ്ഞുരുക്കലിന് ശേഷം  കുട്ടികള്‍ വിവിധ ഗ്രൂപ്പുകളിലായി പഠന പ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെട്ടു. ഹൈസ്കൂള്‍ ഒരു ക്ലാസ്സും, യു. പി. രണ്ട് ക്ലാസ്സുമായാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്.

പ്രോജക്ട് വിലയിരുത്തല്‍

    ഹൈസ്കൂളിന്‍റെ ആദ്യ പ്രവര്‍ത്തനം തിരക്കഥ തയ്യാറാക്കലായിരുന്നു. തിരക്കഥയുടെ സാങ്കേതിക വശങ്ങളെ പറ്റി എന്‍. സാനു ക്ലാസ്സെടുത്തു. തുടര്‍ന്ന് ജലക്ഷാമം പ്രമേയമായ ഒരു വീഡിയോ ക്ലിപ്പിംഗ് കുട്ടികളെ കാണിച്ചു. ഇതേ  വിഷയം പ്രമേയമാക്കി കുട്ടികളുടെ ഗ്രൂപ്പുകള്‍ തിരക്കഥകള്‍ തയ്യാറാക്കി അവതരിപ്പിച്ചു. നിശ്ചിത സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ തന്നെ അവയുടെ മൂല്യ നിര്‍ണയവും നടത്തി.

പാഴ്വസ്തുക്കള്‍ കൊണ്ടുള്ള നിര്‍മ്മാണം

    മണ്ണ് പരിശോധന, പാഴ്വസ്തുക്കളില്‍ നിന്നുള്ള നിര്‍മ്മാണം, പ്രോജക്ട് അവതരണം, ക്വിസ് എന്നിവയായിരുന്നു മറ്റ് പരിപാടികള്‍. ആദ്യ ദിവസം രാത്രി പശ്ചിമഘട്ടത്തിലെ ചിത്രശലഭങ്ങളെ പറ്റിയുള്ള ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചു. രണ്ടാം ദിവസം രാവിലെ ജൈവവൈവിധ്യ ക്ലാസ്സും ചര്‍ച്ചയും നടന്നു. സമാപനത്തോടനുബന്ധിച്ച് ഹോം എന്ന സിനിമ പ്രദര്‍ശിപ്പിച്ചു.
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി. വിനോദ് കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നു, 



   സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ശ്രീമതി ആനന്ദവല്ലിയമ്മ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. വി. വിനോദ്, നൂറനാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ശ്രീമതി സുമംഗലാ ദേവി എന്നിവര്‍ സംബന്ധിച്ചു.
    പരിഷത്ത് നൂറനാട് യൂണിറ്റ് സെക്രട്ടറി ബായികൃഷ്ണന്‍, പ്രസിഡന്‍റ് അനിതാമണി എന്നിവരുടെ നേതൃത്വത്തിലാണ് സംഘാടന പ്രവര്‍ത്തനങ്ങള്‍ നടന്നത്. മേഖലാ സെക്രട്ടറി വി. ഉണ്ണികൃഷ്ണന്‍, മഖലാ പ്രസിഡന്‍റ് പത്മാധരന്‍നായര്‍ ജില്ലാകമ്മിറ്റി അംഗം വി. കെ. കൈലാസ് നാഥ് എന്നിവരും പൂര്‍ണസമയം ക്യാമ്പില്‍ പങ്കെടുത്തു.
    ഗിരീഷ് റാവു, ഗീതാനന്തം, മന്‍ജുഷ, രാഖി, ദീപ്തി, പ്രവീണ്‍, വിഷ്ണു, നിതിന്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. 






Tuesday, November 30, 2010

മേഖലാ വിജ്ഞാനോത്സവം ഡിസംബര്‍ 18, 19 തീയതികളില്‍

ശാസ്ത്ര സാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന വിജ്ഞാനോത്സവം മേഖലാതലം ഡിസംബര്‍ 18,19 തീയതികളിള്‍ നൂറനാട് പടനിലം ഹയര്‍സെക്കന്‍ററി സികൂളില്‍ വച്ച് നടക്കും. മേഖലയിലെ ആറുപഞ്ചായത്തുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 150 വിദ്യാര്‍ത്ഥികള്‍ രണ്ട് ദിവസമായി നടക്കുന്ന വിജ്ഞാനോത്സവത്തില്‍ പങ്കെടുക്കും. (11,12 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വിജ്ഞാനോത്സവം സബ്ജില്ലാ കലോത്സവം നടക്കുന്നത് പ്രമാണിച്ച് 18, 19 തീയതികളിലേയ്ക്ക് മാറ്റിയതാണ്.)

Monday, November 22, 2010

യൂണിറ്റ് വാര്‍ഷികം സമാപിച്ചു.

       കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നൂറനാട് യൂണിറ്റ് വാര്‍ഷികം നവംബര്‍ 21 ഞായറാഴ്ച പടനിലത്ത് സമാപിച്ചു. യൂണിറ്റ് കമ്മിറ്റി അംഗം എസ്. രാമകൃഷ്ണന്‍റെ വസതിയില്‍ രാവിലെ 10 മണിക്ക് ആരംഭിച്ച യോഗം പരിഷത്ത് ജില്ലാ ജോ. സെക്രട്ടറി എന്‍. സാനു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്‍റ് അനിതാമണി അദ്ധ്യക്ഷയായിരുന്നു.

    അംഗങ്ങളുടെ പരിചയപ്പെടലോടെയാണ് വാര്‍ഷികം ആരംഭിച്ചത്. പരിഷത്തു മായുള്ള ആത്മബന്ധം, പരിഷത്ത് സംഘടനിയില്‍ എത്തിപ്പെടാനുണ്ടായ സാഹചര്യം, സംഘടനയുടെ പ്രത്യേകതകള്‍ എന്നിവയൊക്കെ പരിചയപ്പെടല്‍ വേളയില്‍ അംഗങ്ങള്‍ ഓര്‍ത്തെടുത്തു. യൂണിറ്റ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ബായികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

         മറ്റു സംഘടനകളില്‍ നിന്നും വ്യത്യസ്ഥമായി ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളുടെ പ്രസക്തിയെപ്പറ്റി ഉദ്ഘാടന പ്രസംഗത്തില്‍ ജില്ലാ ജോ. സെക്രട്ടറി എന്‍.സാനു വിശദീകരിച്ചു. ബായികൃഷ്ണന്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം വി.കെ.കൈലാസ്നാഥ്, മേഖലാ സെക്രട്ടറി വി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

      മനുഷ്യനേയും പ്രകൃതിയേയും മൃതതുല്യമാക്കുന്ന രാസ കീടനാശിനി കള്‍ക്കെതിരെ ശക്തമായ പ്രചാരണ പരിപാടികള്‍ നടത്തുവാന്‍ സമ്മേളനം തീരുമാനിച്ചു. 
പുതിയ ഭാരവാഹികള്‍ 

പ്രസിഡന്‍റ് - അനിതാമണി
വൈസ് പ്രസിഡന്‍റ് - ഗീതാനന്ദം, ഗിരീഷ് റാവു.
സെക്രട്ടറി - ബായി കൃഷ്ണന്‍
ജോ. സെക്രട്ടറി - അഖിലേഷ്, രാഖി.






Thursday, November 18, 2010

യൂണിറ്റ് വാര്‍ഷികം

ശാസ്ത്ര സാഹിത്യപരിഷത്ത് നൂറനാട് യൂണിറ്റ് വാര്‍ഷികം നവംബര്‍ 21 ഞായര്‍ രാവിലെ 10 മണിമുതല്‍ പടനിലത്ത് ശ്രീ എസ്. രാമകൃഷ്ണന്‍റെ വസതിയില്‍ വച്ച് നടക്കും. ഇത്തവണത്തെ വാര്‍ഷികത്തോടനുബന്ധിച്ച് പരിഷദ് പ്രവര്‍ത്തകരുടെ കുടുംബസംഗമവും സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ പരിഷദ് സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിക്കുന്നു.